Wednesday, December 5, 2012

അധ്യായം 1 : അര്‍ജുന വിഷാദ യോഗം

വിഷമിചിരിക്കണ അര്‍ജുനന്‍ അതാണ്‌ തലക്കെട്ടിനര്‍ത്ഥം 
ശ്ലോകം ഓരോന്നായി തര്‍ജമ ചെയ്തിട്ട് കാര്യമില്ല .അതിനു നിങ്ങള്‍ ഗീത ലളിത വ്യാഖ്യാനം വാങ്ങി വായിച്ചാല്‍ മതി. എന്റെ കയ്യിലും അത് തന്നെ ആണുള്ളത് . എനിക്ക് മനസിലാവണ പോലെ ഞാന്‍ എഴുതാം .47 ശ്ലോകങ്ങള്‍ ആണ് ഈ അധ്യായത്തില്‍ . 

                                                          മഹാഭാരത യുദ്ധം  തുടങ്ങുകയായി . അന്ധനായ ധൃതരാഷ്ടര്‍ തനിക്ക് വേണ്ടി യുദ്ധത്തിന്റെ തല്‍സമയ വിവരണം നല്‍കാന്‍ ഇരിക്കുന്ന  സഞ്ജയനോട്‌ ചോദിക്കയാണ്...
" സഞ്ജയാ , വല്ലതും നടക്കോ ??? "
സഞ്ജയന് എല്ലാം കാണാന്‍ പറ്റുല്ലോ .പുള്ളി പറഞ്ഞു തൊടങ്ങി 
" രാജാവേ, നമ്മടെ ദുര്യോധനന്‍ അവിടെ ദ്രോണാചാര്യരോട് വര്‍ത്താനം പറഞ്ഞു നില്‍ക്കാണ്. എന്താ പറയണേച്ചാല്‍   മൂപ്പര്‍ ദ്രോണര്‍ക്കു അപ്പുറവും ഇപ്പുറവും ഉള്ള ആള്‍ക്കാരെ പരിചയപ്പെടുത്തുകയാണ്( ഇപ്പുറവും ??ദ്രോണര്‍ ചുമ്മാ കാണാന്‍ വന്നതാണോ???). പാണ്ഡവര്‍ടെ കൂടെ അവരെ കൂടാണ്ട് ധൃഷ്ട ദ്യുമ്നന്‍,വിരാടന്‍ ,അഭിമന്യു തുടങ്ങിയ വന്‍ തോക്കുകളും ,കൌരവ പക്ഷത്ത് ഭീഷ്മര്‍ ,ജയദ്രഥന്‍,കര്‍ണ്ണന്‍ തുടങ്ങിയ അണ്ണന്മാരും നിരന്നു നിക്കണത്‌ ദുര്യോധനന്‍ ദ്രോണാചാര്യനു കാട്ടി കൊടുത്തു.

ദുര്യോധനന്‍ പറേണത് പാണ്ഡവര്‍ടെ സേന കുറവാണേലും നല്ല ടീമാണ് ,നമ്മടെ എണ്ണം കൊറേണ്ടെലും ഒരു ഗുമ്മില്ല എന്നാ.."

സഞ്ജയന്‍ പിന്നെ പിടിച്ച പിടിക്ക് അങ്ങട് കാച്ചി."ദെ തൊടങ്ങാന്‍ പോണു..എല്ലാരും ശംഖൊക്കെ എടുത്തു ഊതി തൊടങ്ങി.പിന്നെ പെരുമ്പറ കൊമ്പ് കൊഴല്‍ ആകെ ബഹളമയം . ഭീമന്‍ അര്‍ജുനന്‍ ശ്രീ കൃഷ്ണന്‍ തുടങ്ങിയവരൊക്കെ ശംഖൂതിയപ്പോള്‍ താങ്കളുടെ പിള്ളേരുടെ ഒള്ള ഗ്യാസ് പോയി കിട്ടി .
അര്‍ജുനന്‍ അവടെ വെള്ള കുതിരകളെ പൂട്ടിയ തേരിലിരുന്നു സാരഥി കൃഷ്ണനോട് എന്തൊക്കെയോ പറയണ്ട്... ആ... കൃഷ്ണാ ഈ തേരൊന്ന് രണ്ടു സേനക്കും ഇടയില്‍ കൊണ്ട് പോയി നിര്‍ത്തൂ. ഞാന്‍ ഒന്ന് കാണട്ടെ  ദുര്യോധനന് വേണ്ടി ആരെല്ലാം പടക്കിറങ്ങണ്ട്ന്നു..

ശ്രീ കൃഷ്ണന്‍ രഥം കൊണ്ടോയി നടുക്കങ്ങു നിര്‍ത്തി കൊടുത്തു. എല്ലാരേം ശരിക്ക് കണ്ടോളൂ ഇനി കണ്ടൂന്ന് വരില്ലാ 

അര്‍ജുനന്‍ നോക്കി.തന്റെ പക്ഷത്തും കൌരവ പക്ഷത്തും..എല്ലാം പരിചിത മുഖങ്ങള്‍ മാത്രം..അപ്പൂപ്പന്‍,അമ്മാവന്‍,മച്ചുനന്‍,സഹോദരന്മാര്‍,സുഹൃത്തുക്കള്‍ ,മക്കള്‍,മരുമക്കള്‍,അയല്‍ക്കാര്‍,ബന്ധുക്കള്‍ എല്ലാവരും...പേരെടുത്തു വിളിക്കാം അത്ര അടുപ്പക്കാരന്നെ എല്ലാരും 

അര്‍ജുനന്‍ കൃഷ്ണനോട് പറഞ്ഞു , ഹേ കൃഷ്ണാ ,ഇതെന്നെ കൊണ്ട് പറ്റത്തില്ല.എന്റെ കയ്യ് വെറക്കണൂ..ദേ ഗാണ്ടീവം പോക്കാന്‍ പറ്റണില്ല . യുദ്ധത്തില്‍ സ്വജനത്തെ കൊന്നിട്ട് എനിക്കൊരു ശ്രേയസും നേടണ്ടാ.. 
ഇവരെ വധിച്ചിട്ട് കിട്ടാന്‍ പോണ രാജ്യമോ പണമോ പ്രതാപമോ ഒന്നും വേണ്ട.ഇവരെ കൊന്നാല്‍ പാപം മാത്രമാണ് ഫലം.അവര്‍ക്ക് എന്നെ തട്ടാന്‍ മടി ഉണ്ടാവില്ലാരിക്കും പക്ഷെ എനിക്കത് പറ്റില്ല..കുലം‌ മുടിച്ചിട്ടാണോ രാജ്യം നേടണ്ടത്??
                 അര്‍ജുനന്‍ നി൪ത്തണില്ല.. കൃഷ്ണാ,ഭവാന്‍ എല്ലാം അറിയുന്നവന്‍  എങ്കിലും, കുലം നശിച്ചാല്‍, കുലധര്‍മ്മങ്ങള്‍ ക്ഷയിച്ചാല്‍ വംശത്തെ മുഴുവന്‍ ദുരാചാരം ഗ്രസിക്കും.അധര്‍മ്മം കൊണ്ട് കുല സ്ത്രീകള്‍ ദുഷിക്കുന്നു. സ്ത്രീകള്‍ ദുഷിച്ചുപോയാല്‍ അഥാവാ പരജാതിയില്‍ നിന്നുള്ള പുരുഷന്‍മാരുടെ സമ്പര്‍ക്കംകൊണ്ട് അവര്‍ ഗര്‍ഭവതികളായാല്‍ ജാതിമിശ്രത ഉണ്ടാകുന്നു.ജാതിമിശ്രണത്തില്‍ നിന്നുണ്ടാകുന്ന കുട്ടികള്‍ അര്‍പ്പിക്കുന്ന ബലിപിണ്ഡാദികള്‍ മരണമടഞ്ഞ പിതൃക്കള്‍ക്ക് കിട്ടാതെ വരികയും അവര്‍ നരകത്തില്‍ ചെന്ന് പതിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. (ഈ അര്‍ജുനന്‍ തനി old school!!) എനിക്ക് കുലഘാതകന്‍ ആവണ്ടേ.. എന്നാലും നമുക്ക് സ്വന്തം ബന്ധുജനങ്ങളെ കൊല്ലാനൊരുങ്ങാന്‍ എങ്ങനെ സാധിച്ചു???ഈ ഇരിപ്പില്‍ കൌരവര്‍ എന്നെ അങ്ങ് തീര്‍ക്കുന്നതായിരുന്നു ഇതിലും ഭേദം..
അതും പറഞ്ഞു അര്‍ജുനന്‍ അമ്പും വില്ലും തേരിലിട്ട് വിഷാദനായി കുത്തിയിരുന്നു. 
(അവസാനിക്കുന്നില്ല..) 
   
 

Monday, December 3, 2012

പച്ച മലയാളം

ഇപ്പൊ എല്ലാം പച്ചയെ പറ്റിയാണല്ലോ കേള്‍ക്കുന്നത്..പച്ച ക്കൊടി ,പച്ച രാഷ്ട്രീയം,പച്ചക്കറി ....ഇങ്ങനെ പോകുന്നു.എന്നാല്‍ പച്ച മലയാളം അത്ര പുതിയതല്ല.ശ്രീ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍  aka കേരള വ്യാസന്‍ തന്റെ ചങ്ങായിമാരോടൊപ്പം പത്തോന്മ്പതാം നൂറ്റാണ്ടില്‍ തുടങ്ങിയ പുരോഗമന സാഹിത്യ പ്രസ്ഥാനമാണ് പച്ച മലയാളം . പുകസ അല്ലാട്ടോ.. തമ്പുരാനും ടീമും അത് വരെ തുടര്‍ന്ന് വന്ന സംസ്കൃതം കൊണ്ട് സമ്പന്നമാക്കിയ കവിതകള്‍ ഉപേക്ഷിച്ച് നല്ല ശുദ്ധ മലയാളത്തില്‍ കവിതകള്‍ കാച്ചി തുടങ്ങി. തുടര്‍ന്നങ്ങോട്ട് ഒരു യാത്രയായിരുന്നു..സിരകളില്‍ ഭാങ്ങും ,ഛെ ഛെ പറഞ്ഞു വന്നത് പിന്നെ പുള്ളി പോയി മഹാഭാരതം പിടിച്ച പിടിക്കങ്ങു തര്‍ജമ ചെയ്തു.

                                      ആ തമ്പുരാന്റെ സ്മരണക്ക് മുന്നില്‍ നമിച്ചു കൊണ്ട്  അപ്പന്‍ തമ്പുരാന്റെ നാട്ടുകാരന്‍ ഒരു കുഞ്ഞിക്കുട്ടന്‍ ഇന്ന് കളത്തില്‍ ഇറങ്ങുന്നു . കയ്യ്മുതല്‍ എന്ന് പറയാന്‍ മലയാളം കൂട്ടി വായ്ക്കാനുള്ള കഴിവ് മാത്രം.
ഉദ്യമം ഇത്തിരി കടന്ന കയ്യാണ്..ശ്രീമദ്‌ ഭഗവദ് ഗീതക്ക് ഒരു തൃശൂര്‍ പരിഭാഷ

തോറ്റൊടുമെന്നു തന്നെ കരുതുന്നു.അഥവാ വിജയം വരിച്ചാല്‍ നാളെ ഡി സീ ബുക്സ് ന്റെ ബെസ്റ്റ് സെല്ലെര്‍ ആയി മാറട്ടെ ഈ തട്ടിക്കൂട്ട് ....
എന്തായാലും ദേവ ഭാഷയില്‍ ഒരെണ്ണം കാച്ചി കൊണ്ട് നമുക്ക് തൊടങ്ങാം..

സര്‍വ്വോപനിഷദോ ഗാവോ
ദോഗ്ദ്ധാ ഗോപാലനന്തനഃ
പാ൪തോ വത്സഃ സുധീര്‍ഭോക്താ
ദുഘ്ദ്ധം ഗീതാമൃതം മഹത് .

(കൊറച്ചു കഷ്ടപ്പെട്ട് അടിച്ച്ചുണ്ടാക്കാന്‍ )

ഐശ്വര്യമായിട്ട് ഇതിന്റെ മലയാളം പിടിചോളി :

എല്ലാ ഉപനിഷത്തുകളും പശുക്കളാത്രേ . കറവക്കാരന്‍ ശ്രീ കൃഷ്ണനും.ക്ടാവ് അര്‍ജുനന്‍ . പാല്‍ കുടിക്കാന്‍ പോണത് നമ്മളെ പോലെ പാവം നല്ല ആള്‍ക്കാരും. പാല്‍ എന്ന് വെച്ചാല്‍  ഗീത.അത്  അമൃതിനു തുല്യാത്രേ...ഗീത എന്താണെന്നറിഞ്ഞു കഴിഞ്ഞാല്‍ ലൌകിക സുഖങ്ങളില്‍ ഒരാളെ തളച്ചിടാന്‍ സാധിക്കില്ല . ആ പുണ്യ ദേഹം ഇഹത്തിലും പരത്തിലും
 ശാന്തി നേടി കഴിഞ്ഞു..അതിനാല്‍ ഗീത മഹത്തായ അമൃതാണ്.


 

Sunday, December 2, 2012

ദുഃഖം...ദുഃഖം മാത്രം

എഴുതാനുള്ള ആവേശം ഇടവ പാതിയിലെ തോരാത്ത മഴ പോലെ എങ്ങു നിന്നോ വന്നു നിറഞ്ഞിരുന്ന ഒരു കാലമുണ്ടാരുന്നു .ഇപ്പോള്‍ അങ്ങേയറ്റം ഏകാന്തതയില്‍,വെറും ശൂന്യതയില്‍ നേരം പോവാന്‍ മാത്രമായി ,എനിക്ക് എഴ്തുവാന്‍ തോന്നുന്നു. എന്തിനെ പറ്റി ??? അതാണ്‌ രസകരം. എന്റെ ഓരോ വാക്കും ഓരോ ചിന്തയും ,ഓരോ നിമിഷങ്ങളും.. എല്ലാം, അതവളില്‍ അവസാനിക്കുന്നു.നഷ്ടപ്പെട്ട പ്രണയത്തെ പറ്റിയല്ലാതെ എനിക്കൊന്നും എഴുതാന്‍ പറ്റുന്നില്ല.എല്ലാ കഥകളിലും 3 കഥാപാത്രങ്ങള്‍ മാത്രം...ഞാനും അവളും പിന്നെ ഞങ്ങളുടെ കയ്യില്‍ നിന്നും വഴുതി പോയ കാലവും.
                                             കഥകളില്‍ മാത്രമായി അവള്‍ ഒതുങ്ങി നിന്നിരുന്നു .ഒതുക്കി നിര്‍ത്താന്‍ സാധിച്ചിരുന്നു.പയ്യെ പയ്യെ അവള്‍ ഗോവര്‍ദ്ധനെ
പോലെ ഇറങ്ങി വന്നു.എന്റെ ഏകാന്തതകളെ കൂടുതല്‍ കലുഷമാക്കുവാന്‍.
ഇലെക്ട്രോണ്‍ ഇല്ലാതെ വരുമ്പോള്‍ ഒരു ഹോള്‍ പരിഗണിക്കുന്ന പോലെ . അവളുടെ നഷ്ടം നികത്താന്‍ അവളുടെ ഓര്‍മ്മകള്‍...അവര്‍ എന്നോട് ചോദിച്ചു ,ചോദിച്ചു കൊണ്ടേയിരുന്നു..എന്തിനു വേണ്ടിയാരുന്നു ഇതെല്ലാം ??
ഇന്നും എനിക്കറിഞ്ഞൂടാ.

വരുന്ന ശനിയാഴ്ച്ച ഒരു പക്ഷെ ഞാന്‍ അവളെ കണ്ടേക്കും.ഒന്നും പറയാനില്ല..അവള്‍ക്കും ....പക്ഷെ എനിക്ക് കാണണം.എന്റെ മങ്ങി തുടങ്ങിയ ഓര്‍മകളെ പിന്നെയും കളര്‍ഫുള്‍ ആക്കണം.അവരെ കളയാന്‍ വയ്യ എന്നായിരിക്കുന്നു.വികാരങ്ങള്‍ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ ഞാന്‍ ഏറ്റവും വെറുക്കുന്നത് ഇവരെ തന്നെയാണ്.It's almost like those memories define me  nowadays.അവള്‍ വരട്ടെ..ഞങ്ങളുടെ കണ്ണുകള്‍ ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കട്ടെ...In shaa Allah അവള്‍ഒന്ന്ചിരിക്കട്ടെ 
STR